പുതിയ വാരം...🤔❓️❔️😏

പുതിയ വാരം...🤔❓️❔️😏

18/07/2022  -  തിങ്കൾ 

ഇന്നത്തെ പോലെ ക്ഷീണിച്ചു തളർന്ന ഒരു ദിവസം വേറെ ഉണ്ടായിട്ടില്ല. ലെസ്സൺ പ്ലാൻ ഒപ്പിട്ട് വാങ്ങേണ്ടതിനാൽ രാവിലെ കോളേജിലേക്ക് പുറപ്പെട്ടു. വളരെ നേരത്തെ തിരിച്ചെങ്കിലും ബസ് കിട്ടാത്തത് കാരണം വൈകിയാണ് കോളേജിൽ എത്തിയത്. സാർ അപ്പോഴും കാത്തിരിപ്പുണ്ടായിരുന്നു. അവിടെ നിന്നും സ്കൂളിലേക്കുള്ള യാത്ര വളരെയധികം വെപ്രാളം നിറഞ്ഞതായിരുന്നു. ബസ്സും ഓട്ടോയും മാറിക്കയറി കൃത്യസമയത്ത് തന്നെ സ്കൂളിലെത്തി. രണ്ടാമത്തെ പിരീഡ് ആണ് ക്ലാസ് ഉണ്ടായിരുന്നത്. 9A ക്ക്. അത്യാവശ്യം തയ്യാറെടുപ്പുകളോടെ ചാർട്ടും റെക്കോർഡും കൊണ്ട് നല്ല സുഖകരമായ അന്തരീക്ഷത്തിൽ സിന്ധു ടീച്ചറിന്റെ സാന്നിധ്യത്തോടെ ക്ലാസ് ആരംഭിച്ചു. DEO വന്നിട്ടുണ്ടെന്ന് ആദ്യമേ അറിഞ്ഞിരുന്നു. എനിക്കല്പം ഭാഗ്യം കൂടുതലായതുകൊണ്ട് അദ്ദേഹം എന്റെ ക്ലാസിലും എത്തിച്ചേർന്നു. പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെ എന്റെ റെക്കോർഡിനെ ചൊല്ലി തട്ടിക്കയറി. തെറ്റ് കണ്ടു പിടിക്കാൻ സാധിക്കാത്തത് കൊണ്ട് സ്റ്റെപ്പ് ശരിയല്ല എന്നു പറഞ്ഞ് റെക്കോർഡിൽ ചുവന്ന മഷി പതിപ്പിക്കാൻ വ്യഗ്രത കാണിച്ച 30  വർഷത്തെ സർവീസ് ഉണ്ടെന്ന് സ്വയം അഭിമാനിച്ച് നിൽക്കുന്ന ആ മഹാനുഭാവൻ ബിഎഡ് ട്രെയിനിങ്ങിന് എതിരാണോ എന്നുപോലും തോന്നിപ്പോയി. അല്ല എങ്കിൽ ഇത്രത്തോളം ജുഗുപ്സ നിറഞ്ഞ നോട്ടവും പെരുമാറ്റവും ഉണ്ടാകുമായിരുന്നില്ല. എന്തായാലും എന്റെ ഭാഗത്ത് അറിഞ്ഞുകൊണ്ട് ഒരു പോരായ്മ വരുത്തിയിട്ടില്ലെന്ന് ബോധ്യമുള്ളതിനാൽ എന്തും നേരിടാൻ സന്നദ്ധയാണ്. 
 അടുത്ത പിരീഡ് 9B യിലേക്ക് ഓടുകയായിരുന്നോ പറക്കുകയായിരുന്നോ ഒരു നിശ്ചയവുമില്ല. അമ്മ എന്ന അതേ പാഠഭാഗം പ്രസ്തുത ക്ലാസിലും ആവർത്തിച്ചു. ഉച്ചയ്ക്ക് ശേഷം അവസാനത്തെ പിരീഡ് 8Lൽ ആയിരുന്നു ക്ലാസ്. വളരെ മികച്ച രീതിയിൽ ഉള്ള പ്രതികരണങ്ങളും ഹൃദ്യമായ സമീപനവും ആയിരുന്നു ആ കുഞ്ഞുങ്ങൾക്ക്. പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്. അവസാന മണിക്കൂറിൽ അതുവരെ തോന്നിയ മനസ്സിന്റെ അസ്വസ്ഥതകൾ നീക്കിവെച്ച് ഉന്മേഷത്തോടെ ആത്മാർത്ഥതയോടെ പഠിപ്പിച്ചു. 4 മണിയോടെയാണ് സ്കൂളിൽനിന്ന് തിരിച്ചത്. 
അടുത്തദിവസം എന്തൊക്കെ നേരിടേണ്ടി വരും എന്നറിയാതെ പുതിയ അനുഭവങ്ങൾക്ക് മുന്നിൽ മനസ്സിനെ പാകപ്പെടുത്തി യാത്ര തുടരാം എന്ന് പ്രതീക്ഷയോടെ....😇

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜